കണ്‍ഫര്‍മേഷനുശേഷം പിഎസ്സി പരീക്ഷ എഴുതാതിരുന്നാല്‍ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യും
പിഎസ്സി പരീക്ഷയ്ക്ക് കണ്ഫര്മേഷന് നല്‍കിയശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യും. ഇതിനുളള നടപടി കേരള പബ്ലിക് സര്‍വീസ് കമ്മിഷന് തുടങ്ങി. പരീക്ഷ എഴുതുമെന്നുളള കണ്ഫര്മേഷന് നല്‍കിയശേഷം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാറില്ല. ഇതുമൂലം കോടികളുടെ നഷ്ടമാണ് പിഎസ്സിക്കുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.
ആരോഗ്യ പ്രശ്നങ്ങള്‍ അടക്കം പരീക്ഷ എഴുതാതിരുന്നതിന് വ്യക്തമായ കാരണമുളളവരെ നടപടിയില്‍നിന്നും ഒഴിവാക്കാം. പക്ഷേ ഇവര്‍ പരീക്ഷ കഴിഞ്ഞശേഷമുളള തൊട്ടടുത്ത ദിവസങ്ങളില്‍ നിശ്ചിത രേഖകള്‍ സഹിതം പിഎസ്സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കണം. വിദ്യാഭ്യാസം, ജോലി പരിചയം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയവര്‍ക്കെതിരെയും നടപടിയുണ്ടാകും.
ചോദ്യപേപ്പര്‍, ഉത്തരക്കടലാസ്, പരീക്ഷാകേന്ദ്രം തുടങ്ങിയവ തയാറാക്കുന്നതിനായി ഒരു ഉദ്യോഗാര്‍ഥിക്കു 100 ലധികം രൂപയാണു പിഎസ്സിക്കു ചെലവു വരുന്നത്. അപേക്ഷ നല്കി പരീക്ഷ എഴുതാത്തവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോഴാണു കണ്ഫര്മേഷന് രീതി നടപ്പിലാക്കിയത്. എന്നാല്‍ ഈ പരിഷ്കാരവും പ്രയോജനപ്പെടുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പിഎസ്സി പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്.