പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി സർക്കാർ ഉത്തരവിറക്കി
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി സർക്കാർ ഉത്തരവിറക്കി. 122 പൊതുമേഖലാ സ്ഥാപനങ്ങളിലും ആറു ധനകാര്യ കോർപറേഷനുകളിലും ഇത് ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തിയിട്ടില്ല. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഉണ്ടായിരുന്നത്. 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെന്ഷന് പ്രായം 60 ആക്കി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും ഗ്രേഡും അടിസ്ഥാനമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിക്കും. വളര്‍ച്ചയും പ്രവര്‍ത്തനമികവും കാണിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശ്രേണിയിലേക്ക് ഉയരും.
സ്ഥാപനത്തിന്റെ ആകെ മൂല്യം, വിറ്റുവരവ്, ആകെ ജീവനക്കാര്‍, ഓരോ ജീവനക്കാരുടെയും പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം, നിക്ഷേപം, വില്പന, ആസ്തി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിക്കുന്നത്. ഈ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഗണത്തില്‍ പെടും.
ഓരോ മൂന്ന് വർഷം കൂടുമ്പോഴും പ്രവർത്തന മികവ് പരിശോധിക്കും. ഇങ്ങനെ ആദ്യഘട്ടത്തില്‍ പിന്നാക്കം പോയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നോട്ടുവരാന്‍ സാധിക്കും. പ്രവർത്തനം മെച്ചപ്പെടുത്താത്ത സ്ഥാപങ്ങൾ വീണ്ടും തരംതാഴ്ത്തപ്പെടും. ക്ലാസിഫിക്കേഷൻ ലഭിക്കാൻ അതതു പൊതുമേഖലാ സ്ഥാപനങ്ങൾ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡിന് അപേക്ഷ നൽകണം. അപേക്ഷ നൽകാത്ത സ്ഥാപനങ്ങളെയും നിശ്ചിത സമയപരിധിക്കുള്ളിൽ ധനകാര്യ സ്റ്റേറ്റ്മെന്റ് നൽകാത്ത സ്ഥാപനങ്ങളെയും ഡി വിഭാഗത്തിൽ ഉൾപ്പെടുത്തും.
സ്ഥാപനങ്ങള്‍ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നതനുസരിച്ച് അതിലെ ജീവനക്കാരുടെയും എം.ഡി, സി.എം.ഡി, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെയും വേതന സേവന നിരക്കുകളിലും വ്യത്യാസമുണ്ടാകും.