പി എസ് സി പരീക്ഷകളിൽ മാറ്റം വരുന്നു, വിവരണാത്മക പരീക്ഷകൾ കൂടുതൽ തസ്തികകളിൽ
ഉയര്‍ന്ന തസ്തികകളില്‍ വിവരണാത്മക പരീക്ഷ നടത്തുമെന്നും ആത്മസംതൃപ്തിയോടെയാണ് പടിയിറക്കമെന്നും മുൻ ചെയര്മാന് അഡ്വ.എം.കെ സക്കീര്‍ പറഞ്ഞു.
ബിരുദതല പരീക്ഷകള്‍ക്കും അധ്യാപക തസ്തികകളിലേക്കും ഭാവിയില്‍ വിവരണാത്മക പരീക്ഷകള്‍ പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ നിലവാരം വര്‍ധിക്കുന്നതോടെ കൂടുതല്‍ മികവിലേക്ക് സര്‍ക്കാര്‍ സര്‍വീസുകള്‍ മാറ്റേണ്ടതുണ്ടെന്നാണ് പി.എസ്.സി കണക്കാക്കുന്നത്. കാണാപ്പാഠം പഠിക്കുന്നവര്‍ക്കുള്ളതാണ് പി.എസ്.സി. പരീക്ഷയെന്ന ആക്ഷേപം ഉയർന്ന തസ്തികകളിൽ എങ്കിലും ഒഴിവാക്കുകയാണ് ലക്ഷ്യം.
പി.എസ്.സി അടുത്തിടെ രണ്ട് ഘട്ട പരീക്ഷകൾ നടപ്പാക്കിയിരുന്നു. ഇതിൽ ബിരുദതലത്തില്‍ രണ്ടാം ഘട്ടം വിവരണാത്മകമായിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. മൂല്യനിര്‍ണയത്തിന് വേഗത വര്‍ധിപ്പിക്കാന്‍ ഒ.എസ്.എം. (ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ്) ഏര്‍പ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ നടപ്പാക്കാനായില്ല. അധ്യപകരുടെ സഹകരണം വേണ്ടത്ര ലഭിക്കാത്തതും ഇതിന് കാരണമായി പറഞ്ഞു.
ഓരോ തസ്തികകളിലും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമ്പോൾ അതത് മേഖലയിൽ ആവശ്യമായ വിജ്ഞാനം ഉറപ്പു വരുത്താൻ കഴിയുന്നില്ല എന്ന ആക്ഷേപം ഉണ്ട്. മന:പാഠം പഠിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. ഇത് മാറ്റി മറിക്കുക എന്നതാണ് ഉദ്ദേശ്യം. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാവും എന്നത് സംബന്ധിച്ച് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. വിവരണാത്മക പരീക്ഷ നടത്തി മൂല്യനിർണ്ണയം ചെയ്യുക എന്നത് കൂടുതൽ പ്രയത്നവും സമയവും ആവശ്യമായ പ്രക്രിയയാണ്. എന്നാൽ പി എസ് സി ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നു എന്ന സൂചനയാണ് നൽകുന്നത്.
പിഎസ്.സിയുടെ പുതിയ ചെയര്‍മാനായി ഡോ. എം ആര് ബൈജു ഇന്ന് (October 30) ചുമതലയേറ്റെടുത്തു.